Sunday 31 March 2019

മയിലുകളുടെ താഴ്വര

ആരും  ആരെയും  സ്നേഹിക്കാത്ത 
ഒരു പാതിരാവിൽ ഞാൻ
എന്റെ മകനോടോത്തുറങ്ങുകയാണ്

അവൻ സ്വപ്നം കാണുന്നത്
ഏതു തരം താഴ്വരകളെയാണ് എന്ന് ,
അവിടെ മയിലുകളുണ്ടാവുമോ എന്ന് ,
ഞാനാകുലപ്പെട്ടു

ഒറ്റമയിൽ എന്നവനെ വിളിക്കുന്ന
അവന്റെ സഹപാഠികളെ ഞാനോർത്തു
എനിക്ക് കരച്ചിൽ  വന്നു

ഒരിക്കൽ ഞങ്ങള് എല്ലാ വിരലുകൾക്കും
പലനിറങ്ങളിലുള്ള  ചായങ്ങൾ
പൂശി കളിച്ചിരുന്നു
ഇപ്പോഴവന്റെ  നഖങ്ങൾ ക്ക്
കറുപ്പ് നിറമാണ് 
" എല്ലാം മായ്ക്കുന്ന കറുപ്പ് "
ഞാൻ പറഞ്ഞു
"എല്ലാം മറയ്ക്കുന്ന കറുപ്പ് "
അവൻ തിരുത്തി

അവൻ ഉറങ്ങുന്നതിന്റെ  താളം
ഇപ്പോഴും പഴയതു പോലെ
അവൻ നടക്കുന്നതിന്റെ ,ചിരിക്കുന്നതിന്റെ
വഴക്കുകൂടുന്നതിന്റെ 
താളങ്ങളൊക്കെ  പഴയത് തന്നെ
 എങ്കിലും  ഒറ്റയ്ക്കിരിക്കുന്ന
ഓരോ വൈകുന്നേരവും
വലുതാവേണ്ടായിരുന്നു  എന്ന്
 അവനെക്കൊണ്ട്  പറയിപ്പിക്കുന്നതെന്ത്  ദൈവമേ

ഉറക്കം  വിട്ടൊഴിഞ്ഞ  ഉച്ച നേരങ്ങളിൽ
ഞങ്ങൾ  പ്രാവുകളെ  നോക്കാനിറങ്ങും
ഇന്നലെ അവൻ കറുത്ത  പുള്ളികളുള്ള
ഒന്നിനെ പറത്തി വിട്ടു
അതിനി തിരിച്ചു വരില്ല
ആകാശത്തു നിന്ന്  കണ്ണെടുക്കാതെ
 അവൻ പറഞ്ഞു

മയിലുകൾക്ക് എത്ര ദൂരം  പറക്കാനാവും ?
ഞാൻ ഒരു ചിരിയൊളിപ്പിച്ചു ചോദിച്ചു
മയിലുകൾ മരുഭൂവത്കരണത്തിന്റെ സൂചകങ്ങളാണ്
അവ പറക്കാവുന്നത്രയും  ദൂരത്തേയ്ക് പോവട്ടെ
പറയുമ്പോൾ  എന്റെ കണ്ണുകളിലേക്ക്
 നോക്കാതിരിക്കാൻ   അവൻ  പ്രത്യേകം ശ്രദ്ധിച്ചു

ആരും ആരെയും സ്നേഹിക്കാത്ത  പാതിരാവിൽ
ഞാൻ എന്റെ മകനോടൊത്തുറങ്ങുകയാണ്
അവന്റെ വിരലിൽ  വിരൽ കോർത്തു ഞാൻ പറന്നകന്ന
മയിലുകളുടെ  താഴ്വര സ്വപ്നം കാണുകയാണ്