Friday, 9 February 2018

ജാലവിദ്യക്കാരന്റെ പ്രാവ്

നീ
ഉപേക്ഷിക്കപ്പെട്ടവരുടെ  
തെരുവുകളിലൂടെ
നടക്കുകയാണ്  
ഞാൻ  നിനക്കൊപ്പവും
എവിടെയും മഞ്ഞാണ്
തണുപ്പിൽ  വേദനകൾക്ക്
 നല്ല  മൂർച്ചയുമാണ്

ഇവിടെ   വെച്ചാണ്   നമ്മൾ  
ജാലവിദ്യക്കാരന്റെ  പ്രാവിനെ കണ്ടത്

പറക്കാൻ  കഴിയാത്ത
അതിന്റെ  ദൈന്യതയെ
എനിക്ക്  മനസ്സിലാക്കാൻ കഴിയുന്നുണ്ടായിരുന്നു
നീ  പക്ഷേ  അകലാതിരിക്കുന്നതിൽ
അനാവശ്യമായ കാല്പനികാനുഭൂതി  തിരയുകയായിരുന്നു

കാണുന്നുവെന്ന്  കരുതുന്നവർ  ദിനവും
കണ്കെട്ടിനു  ടിക്കറ്റെടുക്കുന്നുണ്ടായിരുന്നു,  
ഞാനും  നീയുമുൾപ്പെടെ,
ഓരോ  പ്രദർശനത്തിനു  ശേഷവും
ഞാനതിന്റെ  കൂട്ടിലേക്ക്  നോക്കി
എന്തോ  ഉറപ്പുവരുത്തിക്കൊണ്ടിരുന്നു

ഒരു വൈകുന്നേരം  തീയിനെ ക്കുറിച്ചും
ഈയാംപാറ്റ കളെക്കുറിച്ചുമുള്ള
ഉപമയിൽ  തെറ്റി നിൽക്കുമ്പോഴാണ്
ഒരു  ജനലിലൂടെ  അത് മുന്നിലേക്ക്  വലിച്ചെറിയപ്പെടുന്നത്

അടർന്നൊടിഞ്ഞ  കൊക്കും
പാതി പണ്ടേ  പോയ ചിറകുമായാ
പാവം  പക്ഷി,
അതിന്റെ  തൂവലുകളുടെ മണം
നിന്നെ  ബോധരഹിതയാക്കി
കയ്യിലെടുത്തപ്പോൾ ഒഴുകിവാർന്ന
രക്തത്തിന്റെ  ചൂടിൽ ഞാൻ  വിറച്ചു
കുടിലമായ  കൗതുകങ്ങൾക്ക്   മുന്നിൽ  
അത് കണ്ണുകളടച്ചു
ജാലവിദ്യക്കാരന്റ  വീട്  
ഒരു രാവണൻ കോട്ടപോലെ
നമുക്കുമുന്നിൽ  നെഞ്ച് വിരിച്ചു  


Tuesday, 18 July 2017

പാമ്പ്

പാമ്പ്,
ഒരു പാപിയുടെ 
ഓര്മയിൽ
ആപ്പിൾ മരത്തിന്റെ 
ചില്ലകളിൽ 
തല കീഴായുറങ്ങുന്നു ,
ആദിമ നഗ്നത കണ്ട്
ആപ്പിളുകൾ തുടുക്കും വരെ

ക്ലിയോപാട്രയുടെ മരണം 
വെറുമൊരു
ദൃശ്യ സാദ്ധ്യത മാത്രം
അല്ലെങ്കിലെന്തിനാണ്‌
ശയ്യാ തലത്തിൽ
വിഷം ചീറ്റുന്നൊരു
സ്വര്ണ നൂല് ?

നിലത്തു മുഴുവൻ
പാമ്പിൻ കുഞ്ഞുങ്ങളെക്കണ്ട്
നിലവിളിച്ചു പോവാറുണ്ട്
ചില പാതിരാ സ്വപ്നങ്ങളിൽ

ജീവിതത്തിൽ ,
പാമ്പ്
ഒരു മീറ്റർ അകലത്തിൽ
വന്നാൽ ,
നേരെ നിന്നൊന്നു
നോക്കിയാൽ
മരിച്ചു പോയേക്കും ഞാൻ

അത്രയ്ക്ക് പേടിച്ചിരുന്നിട്ടും
ഇത്രമേലടുത്ത് വന്ന്
വിഷപ്പല്ലുകൾ
കാണിച്ചു തരുന്നുണ്ട് ,

ദംശനേച്ഛയാൽ
കൊതി പൂണ്ടിഴയുന്ന
കാമ വെമ്പാലകള്!

വേലി പൊളിക്കുന്ന പശു
വേലി പൊളിക്കുന്ന  പശു 
ഒരു പച്ചിലയേയും
വെറുതെ വിടില്ല 
എല്ലാം രുചിച്ച്
എന്നിട്ടും വിശന്ന്
അതങ്ങനെ പെരുവഴിയിൽ 
നിന്ന് കരയും

അതിനെ  നിങ്ങള്
വീട്ടിലേക്ക്  കൂട്ടരുത് 
പാല് തരില്ലെന്നല്ല 
പല്ല് തൊഴിച്ചു 
കളയുകയും 
ചെയ്യും

അകിട് കറന്നാൽ 
ചോരയിറ്റും
അകത്തുമുണ്ടാവും
പുറത്തേതിനേക്കാൾ 
പഴുത്ത വൃണങ്ങൾ 

നിങ്ങള്  ഇളം പുല്ല്  കൊടുത്താലും  
അത്  കൊടിത്തൂവയുടെ 
രുചിയറിയാൻ  പോവും 
മൂക്ക് കയറിട്ട്  കുടുക്കുന്ന 
ആഗ്രഹങ്ങളൊക്കെ ഒരൊറ്റക്കുതിപ്പിനു 
പുറത്ത് ചാടും  
 
കുതിപ്പുകളും  കിതപ്പുകളും 
കൊണ്ട് അതെന്നും 
പരിധിക്ക്  പുറത്തായിരിക്കും 
നിങ്ങളുടെ  രാത്രികളിൽ 
അലോസരത്തിന്റെ സൈറണുകള്
നീളെ  മുഴങ്ങും 

അതുകൊണ്ട്  വേലി പൊളിക്കുന്ന 
പശുവിനെ വെറുതെ വിടുക
അതീ വഴിയിലിങ്ങനെ 
നില്ക്കട്ടെ 

അതിന്റെ കഴുത്തിലൊരു കയറുണ്ടെന്നു  
നിങ്ങള്ക്ക് വെറുതെ തോന്നുതാണ് 
എല്ലാം രുചിച്ച്
എന്നിട്ടും വിശന്ന്
അതങ്ങനെ പെരുവഴിയിൽ 
നിന്ന് കരയട്ടെ 

സല്ക്കാരം


അവസാനത്തെ   വിരുന്നുകാരനും
പിരിഞ്ഞു പോവുമ്പോൾ 
ആളിയ നാളങ്ങളൊക്കെയും കെടുത്തി 
ആതിഥേയൻ യാത്രയാവുകയാണ് 

ഒഴിച്ച് നല്കിയ  
വീഞ്ഞിനു 
രക്തച്ചുവയുണ്ടെന്നോ 
കഴിച്ചു തീര്ത്ത 
മാംസത്തിനു  എന്തിനിത്ര മൃദുലതയെന്നോ
ആരും ചോദിച്ചില്ല 

പന്തലിനു പുറകിൽ 
പടര്ന്ന നിലവിളിക്കാടുകളിൽ 
തലകീഴായിക്കിടന്ന 
കറുപ്പുടലുകൾ
അയാള് 
നടക്കുന്ന 
തെരുവിന്  മുകളിലൂടെ 
ചിറകടിച്ചു പറന്നു 

ആകാശം 
പലതുള്ളികളായി
ഭൂമിയെത്തൊട്ടു....

അടക്കിപ്പിടിച്ച ഓക്കാനങ്ങൾ

പണ്ട്, 
അമ്മ വയനാട്ടിലായിരുന്നപ്പോള്  
ഇടയ്ക്ക് ചില വെള്ളിയാഴ്ച്ചകളിൽ 
അച്ഛനും ഞാനും  അങ്ങോട്ട്‌ 
വണ്ടി കയറും ...

ആന വണ്ടിയിൽ  കേറിയങ്ങിരുന്ന് ,
ആ നീല സീറ്റിലേക്ക് 
നോക്കുമ്പോഴേക്കും
ലോകം കറങ്ങിത്തുടങ്ങും...

തികട്ടിത്തികട്ടി വരുന്ന 
ഒരു വയ്യായ്കയിൽ
എന്നെത്തന്നെ 
എങ്ങോട്ടെങ്കിലുമെടുത്തെറിയാൻ
തോന്നുമ്പോ 
ഞാനച്ഛന്റെ മടിയില് 
തല ചായ്ച്ചു കിടക്കും

കിടന്നു കിടന്നങ്ങനെ എണ്ണി   ത്തുടങ്ങും 
ഒന്ന് ,രണ്ടു ,മൂന്നു ....
നൂറു തികയുമ്പോ തിരിച്ചു താഴോട്ട്
കൂട്ടൽ പട്ടിക , ഗുണന പട്ടിക ,
അത്തം ,ചിത്തിര ,ചോതി 
അറിയാവുന്നതെല്ലാം തിരിച്ചും 
മറിച്ചും പറഞ്ഞ്  
ചുരമെത്തുന്നതു വരെ 
അങ്ങനെ പോകും 
 
ചുരം കയരിത്തുടങ്ങിയാൽ 
പിന്നെ  ഞാനില്ല ..
വളവുകളിൽ തിരിവുകളിൽ 
കലുങ്കിന്റെ തുമ്പുകളിൽ 
വണ്ടിയൊരു തുമ്പിയെപ്പോലെ തെന്നുമ്പോള് 
വെള്ളക്കവറൂ കൾക്കിടയിൽ 
കണ്ണിലൂടെയും
മൂക്കിലൂടെയും
വായിലൂടെയും നീരൊലിപ്പിച്ചു 
വല്ലാതെ വിറച്ചങ്ങനെയിരിക്കും ...

ഒരു കാടിന്റെ ചേലും
ഞാനന്ന് കണ്ടിട്ടില്ല
ഒരു വെള്ളച്ചാട്ടവും 
എന്നോട് ചിരിച്ചു കാണിച്ചിട്ടില്ല 
ഒരു കുരങ്ങൻ കുഞ്ഞിന്റെ
 കുറുമ്പ് പോലും 
നോക്കി നിന്നിട്ടില്ല 

ഇടയ്ക്കെവിടെയോ 
ഡ്രൈവറു ചേട്ടൻ 
ചായകുടിക്കാൻ 
പോവുന്നിടത്ത് 
അച്ഛനിറങ്ങിപ്പോവും  
ഒരുകുപ്പി വെള്ളവും
ഒരു ചെറു നാരങ്ങയുമായി വരും 
മുഖം  കഴുകിച്ചു 
ആ നാരങ്ങയെന്റെ
കയ്യില്  വെച്ച് തരും 
അത് പിടിച്ചിരിക്കെ 
അച്ഛനാദിവാസിയുടെ
കൈവെട്ടിയ  സായിപ്പിന്റെ കഥ പറയും
കേട്ട് കേട്ട് ഞാനുറങ്ങിപ്പോവും 


ഇന്നിപ്പോഴും  
ലോകമൊന്നാകെ,
തിരിയാറൂണ്ട്  ,ചിലപ്പോഴൊക്കെ,
എന്നിലേക്കുതന്നെ 
നോക്കുമ്പോളറിയാതെ
തികട്ടിവരാറുണ്ട്
ഉള്ളില്   ചിലതൊക്കെ 

അടക്കിപ്പിടിച്ച ഓക്കാനങ്ങൾ
എവിടെയാണ് 
ഛർദിച്ചു  കളയേണ്ടതെന്നറിയാതെ 
കണ്ണില് നിന്ന്  മാത്രം നീര് വീഴ്ത്തി 
ചുണ്ടുകള്    കടിച്ചുപിടിച്ചു 
അങ്ങനെയൊരു കിടപ്പുണ്ട് 
ദൈവത്തിന്റെ  മടിയിൽ

ചുരുട്ടിപ്പിടിച്ച  വലതുകൈവെള്ളയിൽ 
എന്റെ ലോകമൊരു  
ചെറുനാരങ്ങയേക്കാള് 
ചെറുതായിട്ടിരിപ്പുണ്ട്,
അത് മുറുകെപ്പിടിച്ചു 
വളവുകളിൽ തിരിവുകളിൽ 
വഴിതെറ്റിയോടുന്ന  
വഴിയോര കാഴ്ചകളിൽ   
വെറുതെ   നോക്കിയിരിപ്പുണ്ട്   
പണ്ടത്തെയൊരു
മാലാഖക്കുഞ്ഞ്

Wednesday, 15 February 2017

എന്തോ ഓർത്തിരിക്കുമ്പോൾ
പെട്ടന്ന് മറ്റേതോ കാലത്തിന്റെ
തണുപ്പ് ഉള്ളിൽ കയറി വരുന്നു
ജനൽച്ചില്ലിൽ ജലസമാധി പൂണ്ട
ഈയലിന്റെ ചിറകുകൾ മണക്കുന്നു

വെെകുന്നേരങ്ങളിൽ വിളക്കിൻകാലുകൾക്ക്
കീഴെ പൂത്ത മഞ്ഞകൾ,
വഴുതിവീഴലുകളിലേക്ക് പതിയേ വിളിക്കുന്ന പച്ചകൾ,
മരച്ചുവട്ടിലിരിക്കുന്ന പാവം ദെെവങ്ങൾ
മലമുകളിലെ മരിക്കാത്ത കുട്ടി
മറവിയിൽ മറവുചെയ്യപ്പെട്ട മറ്റൊരുവൻ
ചരിത്രത്തിന്റെ വഷളൻ ചിരികൾക്കു മുന്നിൽ
ഓർമ്മകളുമായി ചൂളി നിൽക്കുന്ന ഒരാൾക്കൂട്ടം
മലയോരത്തെ നിറയെ പാട്ടുള്ള ബസ്സിലിരുന്ന് മറിയാമ്മ ഓർക്കുമായിരുന്നതൊക്കെ
വീണ്ടും മറക്കേണ്ടിയിരിക്കുന്നു

Friday, 9 December 2016

അവരെക്കുറിച്ച്

എല്ലാവരും തിരക്കിട്ടോടുമ്പോൾ
അവർ ഒരു ഉറുമ്പിനു വഴിപറഞ്ഞുകൊടുക്കും
വഴിയിലെ പുല്ലിനോടും പൂമ്പാറ്റയോടും
പിറുപിറുക്കും
വേനലിൻ ചൂടേറ്റു ചുവന്ന
വാകയുടെ വിഷാദത്തെ
നട്ടുച്ച വെയിലത്ത്
എത്ര നേരമെങ്കിലും നോക്കി നില്ക്കും

ചിലർ അങ്ങിനെയാണ്
അവരുടെ പേര്
അവരുൾ പ്പെടെ എല്ലാവരും
മറന്നു പോയിരിക്കും
കാരണാതീതമായ ഒരു ചിരിയിൽ
ഒരൊറ്റ നാമത്തിൽ
അവരോര്മിക്കപ്പെടും

കാലക്രമേണ ഗ്രാമചരിത്രങ്ങളിലെ
ഏറ്റവും ശക്തമായ മിത്തുകളായി
ആലിൻ ചുവട്ടിലും ചുടലപ്പറമ്പിലും
ചെന്നിരിക്കും
ഓർമകളിൽ എന്നും കല്ലുരുട്ടും