Sunday 25 November 2018

2. 10. 2018

നിന്നോട് മിണ്ടണമെന്ന്
തോന്നുമ്പോൾ
കണ്ണാടിക്കു മുന്നിൽ നിന്ന് 
എന്നോട് തന്നെ മിണ്ടുന്നു 
സങ്കല്പങ്ങൾക്കനുരൂപമായി
നിന്നെ സൃഷ്ടിച്ചെടുക്കുന്ന കല
ഇപ്പോഴാണ് പൂർണമായത്

Monday 5 November 2018

വീട്

സ്വന്തം  മൂകതയിലേക്ക്
മുഖം  കുനിച്ചിരുന്നു
മടുത്ത  ഒരു ദിവസമാണ്
വീട് കരയാനാരംഭിച്ചതു

അതിഥികൾ വരുമ്പോൾ
അല്പമൊന്നു  ചിരിച്ചെന്നു  വരുത്താനും
 അത്  പരിശീലിച്ചു

വീട്ടിലെ പെൺകുട്ടി
ദിവസവും റോസാച്ചെടികൾ
നനച്ചു കൊണ്ടിരുന്നു
അവളുടെ  കണ്ണുകൾ
വറ്റിത്തുടങ്ങുന്ന
കിണറുകളെയോർമ്മിപ്പിച്ചു

വേലിച്ചെടികൾക്കപ്പുറത്ത്
വഴിയിലൂടെ  പോവുന്നവരുടെ
കണ്ണുകളിൽ നിന്ന്
ഒന്നൊളിക്കാൻ
കഴിഞ്ഞെങ്കിലെന്നു
വീട് ആഗ്രഹിച്ചു

Friday 9 February 2018

ജാലവിദ്യക്കാരന്റെ പ്രാവ്

നീ
ഉപേക്ഷിക്കപ്പെട്ടവരുടെ  
തെരുവുകളിലൂടെ
നടക്കുകയാണ്  
ഞാൻ  നിനക്കൊപ്പവും
എവിടെയും മഞ്ഞാണ്
തണുപ്പിൽ  വേദനകൾക്ക്
 നല്ല  മൂർച്ചയുമാണ്

ഇവിടെ   വെച്ചാണ്   നമ്മൾ  
ജാലവിദ്യക്കാരന്റെ  പ്രാവിനെ കണ്ടത്

പറക്കാൻ  കഴിയാത്ത
അതിന്റെ  ദൈന്യതയെ
എനിക്ക്  മനസ്സിലാക്കാൻ കഴിയുന്നുണ്ടായിരുന്നു
നീ  പക്ഷേ  അകലാതിരിക്കുന്നതിൽ
അനാവശ്യമായ കാല്പനികാനുഭൂതി  തിരയുകയായിരുന്നു

കാണുന്നുവെന്ന്  കരുതുന്നവർ  ദിനവും
കണ്കെട്ടിനു  ടിക്കറ്റെടുക്കുന്നുണ്ടായിരുന്നു,  
ഞാനും  നീയുമുൾപ്പെടെ,
ഓരോ  പ്രദർശനത്തിനു  ശേഷവും
ഞാനതിന്റെ  കൂട്ടിലേക്ക്  നോക്കി
എന്തോ  ഉറപ്പുവരുത്തിക്കൊണ്ടിരുന്നു

ഒരു വൈകുന്നേരം  തീയിനെ ക്കുറിച്ചും
ഈയാംപാറ്റ കളെക്കുറിച്ചുമുള്ള
ഉപമയിൽ  തെറ്റി നിൽക്കുമ്പോഴാണ്
ഒരു  ജനലിലൂടെ  അത് മുന്നിലേക്ക്  വലിച്ചെറിയപ്പെടുന്നത്

അടർന്നൊടിഞ്ഞ  കൊക്കും
പാതി പണ്ടേ  പോയ ചിറകുമായാ
പാവം  പക്ഷി,
അതിന്റെ  തൂവലുകളുടെ മണം
നിന്നെ  ബോധരഹിതയാക്കി
കയ്യിലെടുത്തപ്പോൾ ഒഴുകിവാർന്ന
രക്തത്തിന്റെ  ചൂടിൽ ഞാൻ  വിറച്ചു
കുടിലമായ  കൗതുകങ്ങൾക്ക്   മുന്നിൽ  
അത് കണ്ണുകളടച്ചു
ജാലവിദ്യക്കാരന്റ  വീട്  
ഒരു രാവണൻ കോട്ടപോലെ
നമുക്കുമുന്നിൽ  നെഞ്ച് വിരിച്ചു