Friday 8 February 2019

അവർ


       
ഓര്മ ഒരു രോഗമാണ്
എന്ന് നീ പറഞ്ഞില്ലേ? അയാൾ ഓർത്തെടുത്തു
അതൊക്കെ ഇപ്പോഴും ഓർമ്മയുണ്ടോ ? അവൾ ചോദിച്ചു
ഓര്മ ഒരു രോഗമാണ് …  അയാൾ ചിരിച്ചു

 അവർ ഒരു നിറം മങ്ങിയ  ഫ്രെയിം വെച്ചു
കണ്ടുമുട്ടിയവരായിരുന്നു
അവളിൽ മരണത്തിന്റെയും
അയാളിൽ ജീവിതത്തിന്റെയും   മുറിവുകളുണ്ടായിരുന്നു

അയാളുടെ  തമിഴത്തിയായ  കാമുകിയെക്കുറിച്ചവളോ
 അവളുടെ ജേക്കബ് എന്ന ആൺ കുട്ടിയെ ക്കുറിച്ച് അയാളോ
ഒന്നും ചോദിച്ചില്ല
ജേക്കബ് മരിച്ചു പോയതയാളോ
തമിഴത്തി നാടുവിട്ടത് അവളോ അറിഞ്ഞില്ല

കടപ്പുറത്തു കാറ്റു കൊള്ളാൻ വന്ന ചുരുളൻ മുടിക്കാരൻ
സുന്ദരനാണെന്നു അവൾ  പറഞ്ഞപ്പോൾ
ജേക്കബിന്       ചുരുളൻ മുടിയായിരിക്കുമെന്നു 
അയാൾ  സങ്കൽപ്പിച്ചു
അവൾ ജേക്കബിന്റെ       ശവം   കിടന്ന
റെയിൽവേ ട്രാക്കിലെ    തണുത്ത  കാറ്റിനെ   ഓർത്തു
നാരങ്ങാ വിൽക്കുന്ന പെൺകുട്ടി
ഒരു തമിഴ് പാട്ടു മൂളി കടന്നു    പോയപ്പോൾ
അയാൾ വിറയ്ക്കുകയും അവൾ  ചിരിയ്ക്കുകയും ചെയ്തു

ശവങ്ങളുടെ വിരലുകളുടെ
തണുപ്പിനെക്കുറിച്ചു അവൾ  പറഞ്ഞപ്പോൾ
അയാൾക്ക് പേടി  തോന്നി
ഒരെഞ്ചിൻ ഡ്രൈവർ എന്ന നിലയിൽ
മുന്നിലൂടെ അലറികുതിച്ചു പോയ
മരണങ്ങളെ ക്കുറിച്ചു  അയാൾ ആരോടും പറഞ്ഞിരുന്നില്ല

കടൽപ്പാലത്തിനു മുകളിൽ 
അവൾ ലെന ഡെൽ റേ യുടെ പാട്ടുകൾ 
ഉറക്കെ പ്പാടുകയാണ്
കടുത്ത  വെറുപ്പ് തോന്നിയ ഒരു    നിമിഷം ,
കഴുത്തു ഞെരിച്ചും  പാട്ടുകളെ  ഇല്ലാതാക്കാമെന്നയാൾ  ഓർത്തു
പിന്നെ സ്വയം  ഉറക്ക ഗുളികകളുടെ പാക്കറ്റ്  തിരഞ്ഞു