Sunday 1 March 2015

പുതിയ ഒരക്ഷരം

നിറയെ കണ്ണുകളുള്ള  ഒരു മരത്തിൽ  നിന്ന് 
പീലികൾ കൊഴിയുന്ന പോലെ 
എന്നിൽ നിന്ന് ഞാൻ 
എന്നെ പൊഴിച്ച് കളയുകയാണ് 
എനിക്ക് വേണ്ട ഞാൻ 
എവിടെയാണ് എന്ന് തിരയുകയാണ്
മാറ്റിയെഴുതി മാറ്റിയെഴുതി 
വാക്കുകള്ക്ക് മടുത്തു തുടങ്ങുന്നു 
എന്താണ് വേണ്ടതെന്നു ചോദ്യ ചിഹ്നങ്ങള്  
മുതുകു നിവര്ത്തി 
അത്ഭുതപ്പെടുന്നു  

ഉത്തരങ്ങൾ ഓർമയില്ലാത്ത 
കുട്ടി 
പഠിച്ച പാഠങ്ങളും
മറന്ന പാഠങ്ങളും
ഒരു പോലെ എന്നോര്ത്ത് 
വെറും നിലത്ത്  പുതിയ 
ഒരക്ഷരം എഴുതുന്നു 
ഭാഷകളുടെ 
പരിമിതികളെക്കുറിച്ചറിയാവുന്ന 
കുഴിയാനകൾ  അവന്റെ 
കണ്ണ് തെറ്റാൻ കാത്തിരിക്കുന്നു

Friday 2 January 2015

പ്രണയത്താൽ

ഒന്ന്
എത്രയിഷ്ടമാണെന്ന്,
എത്രയേറെ ഇഷ്ടമാണെന്ന്
നീ ചോദിക്കുന്നു

ചുറ്റിനും തീവണ്ടികളോടുന്ന
നഗര മദ്ധ്യത്തിലെ പ്രതിമയെപ്പോലെ
ഞാൻ നിശബ്ദയാകുന്നു


ജീവിതം,
ഒരു തീവണ്ടിയിൽ
കയറിയിരുന്നു
കൈവീശിക്കാണിക്കുന്നു.......