പണ്ട്
അമ്മ വയനാട്ടിലായിരുന്നപ്പോൾ
ഇടയ്ക്ക് ചില വെള്ളിയാഴ്ചകളിൽ
അച്ഛനും ഞാനും
അങ്ങോട്ട് വണ്ടികയറും.
ആനവണ്ടിയിൽ കേറിയങ്ങിരുന്ന്
ആ നീലസീറ്റിലേക്ക്
നോക്കുമ്പോഴേക്കും
ലോകം കറങ്ങിത്തുടങ്ങും.
തികട്ടിത്തികട്ടി വരുന്ന
ഒരു വയ്യായ്കയിൽ
എന്നെത്തന്നെ
എങ്ങോട്ടെങ്കിലുമെടുത്തെറിയാൻ
തോന്നുമ്പോ
ഞാനച്ഛന്റെ മടിയിൽ
തല ചായ്ച്ചു കിടക്കും.
കിടന്നുകിടന്നങ്ങനെ എണ്ണിത്തുടങ്ങും
ഒന്ന്,രണ്ട്,മൂന്ന്
നൂറു തികയുമ്പോ തിരിച്ചു താഴോട്ട്
കൂട്ടൽപട്ടിക, ഗുണനപട്ടിക
അത്തം, ചിത്തിര, ചോതി
അറിയാവുന്നതെല്ലാം
തിരിച്ചും മറിച്ചും പറഞ്ഞ്
ചുരമെത്തുന്നതുവരെ
അങ്ങനെ പോകും.
ചുരം കയറിത്തുടങ്ങിയാൽ
പിന്നെ ഞാനില്ല.
വളവുകളിൽ തിരിവുകളിൽ
കലുങ്കിന്റെ തുമ്പുകളിൽ
വണ്ടിയൊരു തുമ്പിയെപ്പോലെ തെന്നുമ്പോൾ
വെള്ളക്കവറുകൾക്കിടയിൽ
കണ്ണിലൂടെയും മൂക്കിലൂടെയും
വായിലൂടെയും നീരൊലിപ്പിച്ചു
വല്ലാതെ വിറച്ചങ്ങനെയിരിക്കും.
ഒരു കാടിന്റെ ചേലും
ഞാനന്ന് കണ്ടിട്ടില്ല
ഒരു വെള്ളച്ചാട്ടവും
എന്നോട് ചിരിച്ചു കാണിച്ചിട്ടില്ല.
ഒരു കുരങ്ങൻകുഞ്ഞിന്റെ
കുറുമ്പ് പോലും നോക്കി നിന്നിട്ടില്ല.
ഇടയ്ക്കെവിടെയോ ഡ്രൈവറുചേട്ടൻ
ചായകുടിക്കാൻ പോവുന്നിടത്ത്
അച്ഛനിറങ്ങിപ്പോവും
ഒരു കുപ്പി വെള്ളവും
ഒരു ചെറുനാരങ്ങയുമായി വരും.
മുഖം കഴുകിച്ച്
ആ നാരങ്ങയെന്റെ
കൈയിൽ വെച്ചുതരും.
അത് പിടിച്ചിരിക്കെ
അച്ഛനാദിവാസിയുടെ
കൈവെട്ടിയ സായിപ്പിന്റെ കഥ പറയും.
കേട്ടുകേട്ട് ഞാനുറങ്ങിപ്പോവും.
ഇന്നിപ്പോഴും
ലോകമൊന്നാകെ
തിരിയാറുണ്ട്, ചിലപ്പോഴൊക്കെ
എന്നിലേക്കുതന്നെ
നോക്കുമ്പോളറിയാതെ
തികട്ടിവരാറുണ്ട്
ഉള്ളിൽ ചിലതൊക്കെ.
അടക്കിപ്പിടിച്ച ഓക്കാനങ്ങൾ
എവിടെയാണ്
ഛർദ്ദിച്ചു കളയേണ്ടതെന്നറിയാതെ
കണ്ണിൽ നിന്ന് മാത്രം നീർ വീഴ്ത്തി
ചുണ്ടുകൾ കടിച്ചുപിടിച്ച്
അങ്ങനെയൊരു കിടപ്പുണ്ട്
ദൈവത്തിന്റെ മടിയിൽ.
ചുരുട്ടിപ്പിടിച്ച വലതുകൈവെള്ളയിൽ
എന്റെ ലോകമൊരു
ചെറുനാരങ്ങയെക്കാൾ
ചെറുതായിട്ടിരിപ്പുണ്ട്,
അത് മുറുകെപ്പിടിച്ച്
വളവുകളിൽ തിരിവുകളിൽ
വഴിതെറ്റിയോടുന്ന
വഴിയോരക്കാഴ്ചകളിൽ
വെറുതെ നോക്കിയിരിപ്പുണ്ട്
പണ്ടത്തെയൊരു
മാലാഖക്കുഞ്ഞ്.